ഉച്ചക്കഞ്ഞി!
2000ത്തിലെ ഇടവപ്പാതി, പ്രൈവറ്റ് സ്കൂള്‍ വിട്ടു ഗവണ്മെന്റ് സ്കൂള്‍ അന്തരീക്ഷത്തില്‍ എത്തിയ ആദ്യ ദിവസങ്ങള്‍. എല്ലാത്തിനും വ്യതാസം. അവിടെ ഷൂസ് ഇടാത്തതിനും ടൈ കെട്ടാത്തത്തിനും, ഇന്‍ഷര്‍ട്ട് ചെയ്യാത്തതിനും വഴക്ക് പറയാനാരുമില്ല. വ്യത്യാസമുണ്ടായത്, ടീച്ചര്‍മാരു മാറി സാറമ്മാരായി! അവരുടെ കൈയിലെ 30cm തടി സ്കെയില്‍ മാറി ഒന്നരയടി നീളമുള്ള ചൂരലായി. ഞാന്‍ ആകെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രീതിയിലെ മാഷമ്മാര്‍, മുണ്ടുടുത്തവര്‍ !
ചുറ്റുമുള്ള പലരിലും ഉണ്ടായിരുന്നു ഓരോരോ വ്യത്യാസങ്ങള്‍, ഞാനുള്‍പ്പടെയുള്ള ഒരു 80% കുട്ടികള്‍ നിക്കറില്‍ , എന്നാല്‍ കുറച്ചുപേര്‍ നീളന്‍ പാന്റുമിട്ട് ഞെളിഞ്ഞിരിക്കുന്നു. മുരളീധരകുറുപ്പ് സാര്‍ വന്നു, താടി വെച്ച്, ഷൂസൊക്കെ ഇട്ട്. എല്ലാവരും എണീറ്റു, ഞാനും മറ്റു കുറച്ചുപേരും നീട്ടിവിളിച്ചു, "good morning saaaaar". അപ്പോതന്നെ ചിലവന്മാര്‍ 'ഇവന്‍ ആരടേ' എന്ന മട്ടില്‍ തിരിഞ്ഞു നോക്കി!
കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരു സര്‍, അല്ല മാഷ്! ചുരുണ്ട മുടി, വെള്ള മുണ്ടും ഷര്‍ട്ടും, കൈയ്യിലൊരു വടിയും, മറ്റൊരു കൈയ്യില്‍ കുറച്ചു കടലാസും. വന്നുടനെ ഉറക്കെ ഒരു ചോദ്യം,
"ഉച്ചക്കഞ്ഞിക്കുള്ള അപേക്ഷ ആര്‍ക്കൊക്കെ വേണം??", ഞാനന്നുവരെ അങ്ങനൊരു സെറ്റപ്പിനെ പറ്റി കേട്ടിട്ടില്ല. ഉച്ചക്കഞ്ഞിയോ?? അങ്ങനൊക്കെ ഉണ്ടോ?! കുറച്ചുപേര്‍ ആ ഫോം വാങ്ങി. ഉച്ചക്ക് ഞാന്‍ ചോറ്റുപാത്രവും കൊണ്ട് കിരണ്‍ജിത്തിന്റെ കൂടെ കഴിക്കാന്‍ പോയി. ആഹാരം കഴിഞ്ഞു അപ്പുറത്തേക്ക് പോയി, കഞ്ഞിപ്പുരയിലേക്ക്!
നീണ്ട ക്യൂ, കുറേപ്പേര്‍ പാത്രവും പിടിച്ചു ആ വരിയില്‍ , മറ്റുള്ളവര്‍ പാത്രത്തിലെ ചൂട് കഞ്ഞി ഊതി ഊതി നടന്നു നീങ്ങുന്നു. അതിനിടയില്‍ കൂടെ ഒറ്റയാള്‍ പട്ടാളം പോലെ ഉറക്കെ
എന്തൊക്കെയോ വിളിച്ചു പറഞ്ഞും ശകാരിച്ചും ഒരാള്‍, രാവിലെ ക്ലാസില്‍ വന്ന ആ സാർ ! "കഞ്ഞി സാര്‍ ... ", ആരോ പറയുന്ന കേട്ട് എല്ലാരും ചിരിച്ചു.
ഒരു കൊല്ലം കഴിഞ്ഞു ആറാംക്ലാസ്സില്‍ എത്തിയപ്പോഴാണ് ആരോ പറഞ്ഞറിഞ്ഞത്, അദ്ദേഹത്തിന്റെ പേര് 'രാജയ്യന്‍' എന്നാണെന്ന്. എന്നാലും ആ പഴയപേര് തന്നെ മനസ്സില്‍, അന്നും ദാ ഇന്നും! അതേ ആറാം ക്ലാസ്സിലാണെന്നാണ് എന്റെ ഓര്‍മ്മ, ഞാനും ആദ്യമായ് ഉച്ചക്കഞ്ഞി കുടിക്കുന്നതും, പിന്നീടത് ഇടയ്ക്കിടെ ഉള്ള ശീലമായി മാറി. ആ കഞ്ഞീടെ കൂടെയുള്ള ആ വെന്ത പയറിന്റെ സ്വാദ്!
ഒരു ദിവസം സ്കൂള്‍ നേരത്തെ വിട്ടത് കൊണ്ട് കഞ്ഞിപ്പുരയില്‍ കഞ്ഞി മിച്ചം വന്നതും, വിളമ്പുന്ന ആ വലിയ പാത്രത്തില്‍ തവ കൊണ്ട് കോരി അവിടെ ചുറ്റിപ്പറ്റി നിന്ന ഞങ്ങള്‍ കുറച്ചുപേര്‍ കുടിച്ചതും, ലാലുവെന്നൊരു മറ്റേതോ ക്ലാസിലെ ഒരു പയ്യന്‍ വീട്ടിലെ ആടിന് കൊടുക്കാന്‍ ആ കഞ്ഞി പാത്രത്തില്‍ വാങ്ങി ഇറുക്കി അടച്ചുകൊണ്ട് പോകുന്നതും ഇന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു വികാരം!
ഈയിടെ ഏതോ ഒരു പരീക്ഷ എഴുതാന്‍ സ്കൂളില്‍ പോയി. കഞ്ഞിവെച്ചിരുന്ന ആന്റി ഓരോ ക്ലാസ്സിലെ ടീച്ചര്‍മാര്‍ക്കും അറ്റന്ടന്‍സ് രജിസ്റ്റര്‍ കൊണ്ട് കൊടുക്കുന്നതും കണ്ടു. ഒരു ഓണത്തിന്
കനകക്കുന്നില്‍ വെച്ച് രാജയ്യന്‍ സാറിനെയും ദൂരത്ത് നിന്ന് കണ്ടു.
ചുരുക്കുന്നു! ആയിരങ്ങളുടെ അന്നദാധാവായിരുന്ന രാജയ്യന്‍ സാറേ, എനിക്ക് ഇപ്പോഴും പേരറിയാത്ത നമ്മുടെ സ്വന്തം കഞ്ഞിവെക്കുന്ന ആന്റി..നിങ്ങള്‍ക്ക് ആയിരം ആയിരം പ്രണാമങ്ങള്‍ !!
Comments
Post a Comment