അസ്തമയം
" എന്തു സുഖാ..ലേ?, ഇങ്ങനിരിക്കാന്‍.. ", ഒന്നിനുപിറകെ ഒന്നായ് വന്നുവീണ് മല്ലടിച്ചും, ഇടയ്ക്കിടെ പാറകളെ ചുംബിച്ചും മടങ്ങുന്ന തണുത്ത തിരകളെ നോക്കി അവള്‍ ആത്മഗതം പോലെ പറഞ്ഞു. ഉത്തരം ആവശ്യമില്ലാത്ത പല ചോദ്യങ്ങളില്‍ ഒന്നായിരുന്നു അത്. ആ പോക്കുവെയില്‍ തിളങ്ങുന്ന നേരത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കാന്‍ ഞാന്‍ മറന്നില്ല. അസ്തമയസൂര്യന്‍ ഇടയ്ക്കിടെ ആ കണ്ണുകളില്‍ മിന്നിമറയുന്നു . ഒരിക്കലും നിലയ്ക്കാന്‍ സമ്മതം മൂളാതെ, അവളുടെ മുടിയിഴകളെ വലിച്ചുകൊണ്ട് പോവുകയായിരുന്നൂ കാറ്റ്. പറന്നുപോകുന്ന മുടിക്കെട്ടിനെ ഒതുക്കാന്‍ ഇടയ്ക്കിടെ അവള്‍, എന്റെ ചുമലില്‍ പിടിച്ചിരുന്ന കൈയ്യെടുത്തിരുന്നു. കാറ്റിനോടപ്പോഴെനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി. അവളുടെ മുഖത്ത്, അപ്പോഴുണ്ടായ ചിരി ഇപ്പോഴും എന്റെയുള്ളില്‍ തങ്ങി നില്‍ക്കുന്നു..